ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റില്‍ തൊഴില്‍ നിയമം ലംഘിച്ച 18 പ്രവാസികള്‍ പിടിയിൽ. നിസ്‌വയിൽ തൊഴില്‍ മന്ത്രാലയം ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ലേബര്‍ വിഭാഗം നിസ്‌വ നഗരസഭയുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് നിയമം ലംഘിച്ച ഇവരെ അറസ്റ്റ് ചെയ്തത്. സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ തൊഴിൽ മന്ത്രാലയം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. തൊഴില്‍ നിയമം ലംഘിച്ച് തെരുവ് കച്ചവടം നടത്തിയവരും പിടിയിലായി. അറസ്റ്റിലായവർക്കെതിരെ തുടര്‍ നടപടിയെടുത്ത് വരികയാണ്. തൊഴില്‍ നിയമലംഘകരെ കണ്ടെത്തുന്നതിന് കർശനമായ പരിശോധന വ്യാപിപ്പിച്ചിരിക്കുകയാണ് തൊഴില്‍ മന്ത്രാലയം അധികൃതർ. തൊഴിൽ നിയമ ലംഘനം കണ്ടെത്താൻ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി സര്‍വീസസുമായി സഹകരിച്ചാണ് തൊഴില്‍ മന്ത്രാലയം പരിശോധന നടത്തുന്നത്. തൊഴില്‍ വിപണി നിയന്ത്രിക്കുന്നതിനുള്ള വിഷന്‍ 2040ന്റെ ഭാഗമായാണ് പരിശോധന നടത്തുന്നത്.