സൗദിയിൽ ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള വീട്ടു ജോലിക്കാരുടെ ശമ്പളം പണമായി കൈമാറാൻ പാടില്ലെന്ന് മന്ത്രാലയത്തിന് കീഴിലെ മുസാനെദ് പ്ലാറ്റ് ഫോമിന്റെ നിർദ്ദേശം. അംഗീകൃത ഡിജിറ്റൽ വാലറ്റ് വഴി മാത്രമേ ശമ്പളം നൽകാവൂ എന്ന് തൊഴിലുടമകൾക്ക് മുസാനെദ് പ്ലാറ്റ് ഫോം നിർദേശം നൽകി. തൊഴിൽ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്താനും വിശ്വസനീയമാക്കാനുമാണ് വേതന കൈമാറ്റം ഡിജിറ്റൽ വാലറ്റ് വഴിയാക്കാൻ തീരുമാനം. മൂന്ന് ഘട്ടങ്ങളിലായാണ് പുതിയ മാറ്റം നടപ്പാക്കുന്നത്. 2025 ജനുവരി ഒന്ന് മുതൽ നാലോ അധിലധികമോ വിട്ടുജോലിക്കാരുള്ള തൊഴിലുടമകൾക്കും 2025 ജൂലൈ ഒന്ന് മുതൽ മൂന്നോ അതിൽ കൂടുതൽ ജീവനക്കാരുള്ള തൊഴിലുടമകളും ശമ്പളം ഡിജിറ്റൽ വാലറ്റ് വഴി നൽകേണ്ടതാണ്. 2025 ഒക്ടോബർ ഒന്ന് മുതൽ രണ്ടോ അതിൽ കൂടുതൽ തൊഴിലാളികളുള്ളവർ പുതിയ സംവിധാനത്തിലേക്ക് മാറണം. നിലവിൽ പുതിയ വിസയിൽ എത്തുന്ന ഗാർഹിക തൊഴിലാളികൾക്ക് ജൂലൈ ഒന്ന് മുതൽ ഡിജിറ്റൽ വാലറ്റ് വഴിയാണ് ശമ്പളം നൽകി വരുന്നത്. 2026 ജനുവരി ഒന്നിനകം എല്ലാ ഗാർഹിക തൊഴിലാളികൾക്കും ഡിജിറ്റൽ വാലറ്റിലൂടെ മാത്രമേ ശമ്പളം നൽകാവൂ. ശമ്പളം ലഭിക്കാത തൊഴിൽ തർക്കങ്ങളിൽ ഡിജിറ്റൽ വാലറ്റ് വഴിയുള്ള ഇടപാടുകൾ തെളിവായി പരിഗണിക്കുന്നതാണ്. ഹൗസ് ഡ്രൈവർ പോലുള്ള ഗാർഹിക തൊഴിൽ വിസകളിലെത്തി സ്‌പോൺസർക്ക് കീഴിലല്ലാതെ ജോലി ചെയ്യുന്നവർക്ക് തിരിച്ചടിയാകും പുതിയ മാറ്റം.