അവധിക്കാലം മുന്നിൽകണ്ട് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യാൻ ഒരുങ്ങുന്നവർക്ക് പ്രത്യേക മുന്നറിയിപ്പുമായി ദുബൈ അധികൃതർ. വൻ തിരക്ക് കണക്കിലെടുത്ത് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. ഡിസംബർ 13 മുതൽ 31 വരെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി 52 ലക്ഷത്തിലേറെ യാത്രക്കാർ കടന്നുപോകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി. ദുബൈ വഴി മറ്റ് സ്ഥലങ്ങളിലേക്ക് അവധിക്കാലം ചെലവഴിക്കാൻ പോകുന്ന യുഎഇ സ്വദേശികൾ ശ്രദ്ധിക്കണമെന്നും അറിയിപ്പിലുണ്ട്. ഡിസംബർ 20 വെള്ളിയാഴ്ച എയർപോർട്ടിലെ വലിയ തിരക്കേറിയ ദിവസമാകുമെന്നു കരുതുന്നു. തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ യാത്രക്കാർ, യാത്രകൾ നേരത്തെ തന്നെ തീരുമാനിക്കണമെന്നും യാത്രാ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.