വീട്ടുജോലിക്കാരുടെ വിസാ നടപടിക്രമങ്ങൾ എളുപ്പമാക്കി ദുബൈ അധികൃതർ. ദുബൈ നൗ സ്മാർട്ട് എന്ന ആപ്പ് വഴി ഇനി മുതൽ ജോലിക്കാരുമായി ബന്ധപ്പെട്ട നടപടികൾ വേഗം പൂർത്തിയാക്കാൻ സാധിക്കും. വീട്ടുജോലിക്കാരുടെ വിസാ അപേക്ഷ, വിസാ പുതുക്കൽ, റസിഡൻസ് അനുമതി റദ്ദാക്കൽ എന്നിവ മുതൽ എല്ലാ സേവനങ്ങളും ദുബൈ നൗ സ്മാർട്ട് ആപ് വഴി ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി. ആപ്പ് വഴി മെഡിക്കൽ പരിശോധനയും ഡിജിറ്റൽ ഐഡന്റിറ്റി നടപടിക്രമങ്ങളുടെ പൂർത്തികരണവും നടത്താം. വിസയുമായി ബന്ധപ്പെട്ട 12 നടപടിക്രമങ്ങൾ നാലായി ചുരുങ്ങിയതായും അധികൃതർ ചൂണ്ടിക്കാട്ടി. നേരത്തെ 30 ദിവസം പ്രോസസിങ് സമയമായിരുന്നത് ഇപ്പോൾ അഞ്ചു ദിവസമായി ചുരുങ്ങി. ആവശ്യമായ രേഖകൾ പത്തിൽ നിന്ന് നാലായും കുറച്ചു. ആപ്പിലെ യൂണിഫൈഡ് സർവീസ് പാക്കേജ് ഫോം പൂരിപ്പിച്ചാൽ വീട്ടുജോലിക്കാരുടെ സേവനത്തിലേക്ക് ഉപഭോക്താക്കൾക്ക് പ്രവേശനം ലഭിക്കുന്നതാണ്. പാസ്പോർട്ട് അടക്കമുള്ള മറ്റു വിവരങ്ങളും ആപ്പ് വഴി ലഭിക്കും. ആപ്പിലൂടെ തൊഴിൽ കരാർ ഒപ്പുവയ്ക്കാനാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.