പ്രവാസി മലയാളികളുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്ന് 700 കോടിയോളം രൂപ തട്ടിയ സംഭവത്തില്‍ 1425 മലയാളികളാണ് പ്രതി സ്ഥാനത്തുള്ളത്. ഇവരില്‍ 700ഓളം പേര്‍ നഴ്സുമാരുമാണ്. വമ്പന്‍ തട്ടിപ്പിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. 2020-22 കാലഘട്ടത്തില്‍ നടന്ന തട്ടിപ്പിന് ശേഷം കുവൈത്തില്‍ നിന്ന് മുങ്ങിയ ഇവര്‍ വിദേശ രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ കടന്നുകളയുകയായിരുന്നു. കുവൈത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മലയാളികളും ആരോഗ്യ മന്ത്രാലയത്തില്‍ നഴ്സുമാരായി ജോലി ചെയ്തിരുന്ന എഴുന്നൂറോളം പേരുമാണ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത ശേഷം കടന്നുകളഞ്ഞത്. ഗള്‍ഫ് ബാങ്ക് ഓഫ് കുവൈത്തിന്റെ ഡപ്യൂട്ടി ജനറല്‍ മാനേജരായ മുഹമ്മദ് അബ്ദുള്‍ വസി കഴിഞ്ഞ നവംബര്‍ അഞ്ചിന് കേരളത്തില്‍ എത്തിയതോടെയാണ് വന്‍ ബാങ്ക് തട്ടിപ്പിന്റെ വിവരം പുറത്തുവരുന്നത്. സംസ്ഥാന പൊലീസ് ഉന്നതരെ കണ്ട ബാങ്ക് അധികൃതര്‍ ഇവരെ കണ്ടെത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പത്തുപേരെ തിരിച്ചറിഞ്ഞതും കേസെടുത്തതും. അതേസമയം കൊവിഡ് കാലത്ത് ജോലി നഷ്ടമായതാണ് വായ്പ മുടങ്ങാന്‍ കാരണമെന്നും, വായ്പാ തിരിച്ചടവില്‍ ഇളവ് ആവശ്യപ്പെടാനും കൂടുതല്‍ സമയം ചോദിക്കാനും പ്രതികള്‍ ശ്രമം നടത്തിയാതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.