സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന കേസ് റിയാദിലെ ക്രിമിനൽ കോടതി നാലു ദിവസത്തിനകം വീണ്ടും പരിഗണിക്കും. ഡിസംബർ 12 ന് ഉച്ചക്ക് 12.30 നാണ് കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. ഇന്നലെ നടന്ന സിറ്റിങിൽ മോചന വിധി ഉണ്ടായില്ല. മോചനവുമായി ബന്ധപ്പെട്ട ഹർജിയിൽ കോടതി അന്തിമ വിധി പറയുന്നത് മാറ്റി വയ്ക്കുകയായിരുന്നു. ഒന്നര കോടി സൗദി റിയാൽ ദയാധനം കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന് കൈമാറിയതിനെ തുടർന്ന് വധശിക്ഷ റദ്ദാക്കിയിരുന്നു. എങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ അനുകൂല വിധിയുണ്ടാവാത്തതിനാൽ ജയിൽ മോചനം തീരുമാനമായിട്ടില്ല എന്നാണ് വിവരം. അടുത്ത തവണ കോടതി കേസ് പരിഗണിക്കുമ്പോൾ ശുഭവാർത്ത ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് റഹീമിന്റെ അഭിഭാഷകൻ പ്രത്യാശ പ്രകടിപ്പിച്ചു.