ബഹ്റൈനില്‍ നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ പിടിയിലായ 44 പ്രവാസികളെ നാടുകടത്തിയതായി അധികൃതര്‍ വ്യക്തമാക്കി. തൊഴില്‍, താമസ നിയമലംഘനം സംബന്ധിച്ച് കഴിഞ്ഞ ഒരാഴ്ചക്കാലത്ത് 1527 പരിശോധനകള്‍ നടത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി -എല്‍.എം.ആര്‍.എ- ചൂണ്ടിക്കാട്ടി. നാഷനാലിറ്റി, പാസ്പോര്‍ട്ട് ആന്‍ഡ് റസിഡന്റ്സ് അഫയേഴ്സ്, വാണിജ്യ, വ്യവസായ മന്ത്രാലയം, ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്സിബിഷന്‍ അതോറിറ്റി, വിവിധ പൊലീസ് ഡയറക്ടറേറ്റുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയിരുന്നത്. തൊഴില്‍ വിപണിയുടെ സ്ഥിരതയെയും മത്സരക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നതോ ആയ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ഗവണ്‍മെന്റ് ഏജന്‍സികളുമായി സഹകരിച്ചുള്ള പരിശോധന തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി. ടൂറിസ്റ്റ് വിസയിലെത്തി തൊഴില്‍ തേടുന്നത് തടയാന്‍ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തൊഴിലുടമകള്‍ നല്‍കുന്ന ശരിയായ പെര്‍മിറ്റുകളില്ലാതെ ജോലിക്കായി എത്തുന്നവരെ പിടികൂടും. നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിവിധ തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും പരിശോധനകള്‍ കര്‍ശനമാക്കുമെന്നും എല്‍.എം.ആര്‍.എ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.