ബഹ്റൈനില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഇന്‍ഡെംനിറ്റി ആനുകൂല്യം സംബന്ധിച്ച ഗവണ്‍മെന്റ് ഉത്തരവ് പുറത്തിറങ്ങി. പുതിയ ഉത്തരവ് പ്രകാരം സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷനിലേക്ക് തൊഴിലുടമകള്‍ പ്രതിമാസ വിഹിതമായി നല്‍കേണ്ട തുക, സ്വകാര്യ മേഖലയിലെ തൊഴില്‍ അവസാനിപ്പിച്ച് പോകുന്ന പ്രവാസികള്‍ക്ക് ഇനി മുതല്‍ പുതിയ സംവിധാനം വഴി ഉടന്‍ തന്നെ ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാകും. തൊഴില്‍ അവസാനിച്ചാലുള്ള ആനുകൂല്യത്തിന്റെ നടപടിക്രമങ്ങളും എളുപ്പമാക്കിയിട്ടുണ്ട്. ആനുകൂല്യങ്ങള്‍ സംബന്ധിച്ചുള്ള സുതാര്യത ഉറപ്പുവരുത്തുകയും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന പരിഷ്‌കാരമാണ് ബാങ്ക് അക്കൗണ്ടിലേക്ക് ഇന്‍ഡെംനിറ്റി തുക എത്തുന്നതിലൂടെ നടപ്പാകുന്നത്. sio.gov.bh എന്ന വെബ്സൈറ്റ് വഴി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്താല്‍ തൊഴില്‍ അവസാനിപ്പിച്ചശേഷം പ്രവാസികള്‍ക്ക് ഇ-സര്‍വിസുകളിലൂടെ ആനുകൂല്യങ്ങള്‍ക്കായി ക്ലെയിം ചെയ്യാന്‍ സാധിക്കും. വെബ്‌സൈറ്റില്‍ ‘ഇ-സര്‍വിസസ്’ വിഭാഗത്തില്‍ ക്ലിക്ക് ചെയ്ത് അഡ്വാന്‍സ്ഡ് ഇ-കീ ലോഗിന്‍ ഉപയോഗിച്ച് ഓതന്റിക്കേഷന്‍ നല്‍കുകയും ഐബാൻ നമ്പര്‍ പരിശോധിക്കുകയും അതു തന്റേതുതന്നെയാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്. തെറ്റ് തിരുത്താനും പി.ഡി.എഫ് ഫോര്‍മാറ്റില്‍ ഐബാൻ അക്കൗണ്ട് വിശദാംശങ്ങള്‍ അറ്റാച്ചുചെയ്യാനും സാധിക്കും. ബനഫിറ്റ് ആപ്ലിക്കേഷന്‍ ‘നോണ്‍-ബഹ്‌റൈന്‍ ഇ.ഒ.എസ് അലവന്‍സ്’ വിഭാഗത്തില്‍ അപേക്ഷിക്കാം. ഇതിനായുള്ള നടപടിക്രമങ്ങള്‍ sio.gov.bh എന്ന വെബ്സൈറ്റില്‍ ലഭ്യമാക്കിയതായി അധികൃതര്‍ വ്യക്തമാക്കി.