സൗദി അറേബ്യയിൽ വിവിധ കാരണങ്ങളാൽ സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർക്ക് രേഖകൾ ശരിയാക്കി പുതിയ വീസയിലേക്ക് മാറാം. ഇവർക്ക് രാജ്യം വിടാനും അവസരമുണ്ട്. 2025 ജനുവരി 29 വരെയാണ് ഇവയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ സാവകാശം നൽകിയിരിക്കുന്നതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഇളവ് പ്രാബല്യത്തിൽവന്ന ഡിസംബർ 1ന് മുൻപ്, സ്പോൺസറിൽനിന്ന് ഒളിച്ചോടിയതായി റജിസ്റ്റർ ചെയ്യപ്പെട്ടവർക്കാണ് ആനുകൂല്യം ലഭിക്കുക. തൊഴിൽ കരാർ റദ്ദാക്കിയാൽ 60 ദിവസത്തിനകം രാജ്യം വിടുകയോ പുതിയ ജോലിയിലേക്കു മാറുകയോ ചെയേണ്ടതാണ്. പുതിയ ജോലി നൽകുന്ന സ്പോൺസറുടെ സത്യവാങ്മൂലം സഹിതം ഖിവ പ്ലാറ്റ്ഫോം വഴി സ്പോൺസർഷിപ് മാറ്റത്തിന് അപേക്ഷിക്കേണ്ടതാണ്. പഴയ തൊഴിലുടമയുടെ സമ്മതം ലഭിച്ചാൽ നിശ്ചിത ഫീസ് അടച്ച് മുഖീം പോർട്ടൽ വഴി സ്പോൺസർഷിപ് മാറ്റാൻ സാധിക്കും. ഒളിച്ചോടിയ കാലയളവിലെ ഇഖാമ കുടിശിക പുതിയ തൊഴിലുടമ അടയ്ക്കാൻ തയാറാക്കണം. അപേക്ഷ അംഗീകരിച്ചാൽ ഇഖാമ പുതുക്കുന്നതാണ്.