ഗുണനിലവാരമില്ലാത്ത ആഭരണങ്ങൾ വിൽക്കുന്നുവെന്ന സംശയത്തിൽ ഖത്തറിലെ സ്വർണ വിപണിയിൽ പരിശോധന കർശനമാക്കി അധികൃതർ. കുറ്റക്കാർകെതിരെ കർശന നടപടിയെടുക്കുമെന്ന് വാണിജ്യ–വ്യവസായ മന്ത്രാലയം അധികൃതർ വ്യക്തമാക്കി. നിയമലംഘകർക്ക് 2 വർഷം വരെ തടവോ അല്ലെങ്കിൽ 3,000 മുതൽ 10 ലക്ഷം റിയാൽ വരെ പിഴയോ ഈടാക്കും. സ്വർണാഭരണങ്ങളുടെ ഗുണനിലവാരം അളക്കാൻ റീട്ടെയ്ൽ വ്യാപാരികളിൽ നിന്ന് റാൻഡം സാംപിളുകളെടുത്ത് പരിശോധനകൾ ആരംഭിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെ ഗുണനിലവാരമില്ലാത്ത ഉൽപന്നങ്ങൾ വിൽപന നടത്തുന്നതായി ലഭിച്ച കൃത്യമായ പരാതിയെ തുടർന്നാണ് പരിശോധനാ ക്യാംപെയ്ൻ തുടങ്ങിയതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഉപഭോക്തൃ സംരക്ഷണ–അഡ്മിനിസ്ട്രേറ്റീവ് വ്യാജ നിയന്ത്രണ വകുപ്പിലെ വ്യാജ ഉൽപന്ന പ്രതിരോധ വിഭാഗമാണ് പരാതിയിൽ അന്വേഷണം നടത്തുന്നത്. ഗുണനിലവാരമില്ലാത്ത സ്വർണാഭരണങ്ങളുടെ വിൽപന, പ്രദർശനം, പ്രമോഷൻ, പരസ്യം തുടങ്ങിയവ കർശനമായി നിരോധിച്ചിട്ടുണ്ടെന്നും വ്യവസ്ഥ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും സ്വർണ വ്യാപാരികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിട്ടുണ്ട്.