കുവൈത്തിൽ വിവാഹ വാഗ്ദാനം നൽകിയുള്ള തട്ടിപ്പിൽ പ്രവാസി വനിതക്ക് നഷ്ടമായത് 78,000 കുവൈത്ത് ദിനാർ. 30 കാരൻ 50 കാരിയിൽനിന്ന് പല തവണയായി പണം കൈക്കലാക്കി. പ്രതി വൻ തുക കൈപ്പറ്റിയതിനുള്ള തെളിവ് സഹിതമാണ് വനിത പരാതി നൽകിയത്. അന്വേഷണത്തിനായി കേസ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് കൈമാറിട്ടുണ്ട്. അറബ് ടൈംസാണ് സംഭവം റിപ്പോർട്ട് ചെയ്തത്. പ്രതിയും താനും തമ്മിൽ ഇഷ്ടത്തിലായിരുന്നുവെന്നും അയാൾ തന്നോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നതായും 50 കാരിയായ സ്ത്രീ ഹവല്ലി, ഷാബ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞതായി സുരക്ഷാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും അത് പരിഹരിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു എന്നും വനിത വ്യക്തമാക്കി. താമസിയാതെ വിവാഹം കഴിക്കാമെന്നും പണം തിരികെ നൽകാമെന്നും പ്രതി വാഗ്ദാനവും നൽകിയിരുന്നു. പ്രതി പണം തിരികെ നൽകാനോ വിവാഹവുമായി മുന്നോട്ട് പോകാനോ തയ്യാറായില്ല. ഇതോടെയാണ് വനിത കേസ് പൊലീസിന് നൽകിയത്.