സൗദിയിൽ ഭക്ഷ്യവിഷബാധ സംശയിക്കുന്ന കേസുകളുടെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഭക്ഷണശാലകളില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളെ രാജ്യം വിടാൻ അനുവദിക്കില്ല. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി സമീപ ഭാവിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നിയമത്തിലെ വ്യവസ്ഥകളിലൊന്നാണ്. ഭക്ഷ്യവിഷബാധയേറ്റതോ ഭക്ഷ്യവിഷബാധ സംശയിക്കുന്ന കേസുകളിലോ ഭക്ഷണശാലകള്‍ കര്‍ശന നിയമങ്ങളും പ്രോട്ടോക്കോളുകളും പാലിക്കണമെന്നത് നിര്‍ബന്ധമാക്കാന്‍ പദ്ധതിയിടുകയാണ് മുന്‍സിപ്പാലിറ്റീസ് ഭവന മന്ത്രാലയവുമായി ചേര്‍ന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി. ഭക്ഷ്യവിഷബാധയുണ്ടെന്ന് കണ്ടെത്തിയാല്‍ സ്ഥാപനത്തിലെ ഏതെങ്കിലും ഉപകരണങ്ങളോ വസ്തുവോ വൃത്തിയാക്കുകയോ നീക്കം ചെയ്യുകയോ നശിപ്പിച്ച് കളയുകയോ ചെയ്യുന്നത് നിരോധിക്കും. നിയമലംഘനത്തിനെതിരെ ക്രിമിനല്‍ ശിക്ഷാ നടപടികള്‍ ഉറപ്പാക്കും. ഭക്ഷ്യവിഷബാധ സംശയിക്കപ്പെട്ടാലോ കണ്ടെത്തിയാലോ തൊഴിലാളികളെ രാജ്യം വിടാന്‍ സ്ഥാപനം അനുവദിക്കരുത്. കൂടാതെ സ്ഥാപനത്തിലെ തൊഴിലാളികളുടെ ശരിയായ ലിസ്റ്റ് ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കേണ്ടതുമുണ്ട്.