സൗദിയിൽ സംഗീതം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി ഡിജിറ്റൽ ഗ്ലോബൽ പ്ലാറ്റ്ഫോം ആരംഭിച്ചു. സൗദി മ്യൂസിക് കമീഷൻ ‘മ്യൂസിക് എ.ഐ’എന്ന ഇൻററാക്ടീവ് ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ഇത് വികസിപ്പിച്ചത്. ഏതൊരാൾക്കും സംഗീതം പഠിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് മ്യൂസിക് കമീഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. ഈ ആപ്പിൽ ലഭ്യമായ പ്രോഗ്രാമുകളും പരിശീലന കോഴ്സുകളും നേരിട്ടുള്ള വിദ്യാഭ്യാസത്തിെൻറയും സ്വയം പഠനത്തിെൻറയും സംയോജനത്തെ ആശ്രയിച്ചിരിക്കുന്നു. വിദ്യാർഥികൾക്ക് പരിശീലകരുമായി നേരിട്ട് ആശയവിനിമയം നടത്താന്നും സ്വന്തമായി പഠിക്കാനും സാധിക്കുന്നതാണ്. ആപ്പ് വഴി കോഴ്സുകളിലേക്ക് എളുപ്പത്തിൽ ആക്സസ് ചെയ്യാനും ഏത് കോഴ്സിനെക്കുറിച്ചുമുള്ള വിവരങ്ങളും നേടാം. എപ്പോൾ, എവിടെയും വീഡിയോ സ്ട്രീമിങ് സാങ്കേതികവിദ്യകൾ ഉപയോഗിക്കാനും പരിശീലനം പൂർത്തിയാക്കി അംഗീകൃത സർട്ടിഫിക്കറ്റുകൾ നേടാനുമുള്ള സാധ്യതകളുമുണ്ട്. പരിശീലനം രണ്ട് പ്രധാന ട്രാക്കുകളിലൂടെയാണ്. ആദ്യ ട്രാക്ക് അറബ്, പാശ്ചാത്യ സംഗീത ഉപകരണങ്ങളെക്കുറിച്ചും ഇതിലുൾപ്പെടുന്നു. രണ്ടാമത്തെ ട്രാക്ക് സംഗീത വ്യവസായത്തിൽ വിദഗ്ധരായ പ്രഫഷനലുകൾക്കുള്ള പരിശീലനമാണ്.









