ലോകോത്തര പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ഏറ്റവുംവലിയ വേദിയാകാനുള്ള ദുബായ് എക്സിബിഷൻ സെന്ററിന്റെ വികസനയാത്ര പുരോഗമിക്കുന്നു. പദ്ധതിയുടെ ആദ്യഘട്ടം 2026-ൽ പൂർത്തിയാകും. അതോടെ ഒരേസമയം 20 പരിപാടികൾവരെ നടത്താനാകും. എമിറേറ്റിന്റെ ഭാവിവികസന കേന്ദ്രമാക്കി എക്സ്പോ സിറ്റിയെ മാറ്റാൻ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് 1000 കോടി ദിർഹത്തിന്റെ വമ്പൻ വികസന പദ്ധതി ഒക്ടോബറിൽ പ്രഖ്യാപിച്ചത്. നിർമാണം പൂർത്തിയാകുന്നതോടെ ദുബായിലെ വാർഷികപരിപാടികളുടെയും എണ്ണം 300-ൽനിന്ന് 600-ആയി ഉയർത്തും. എമിറേറ്റിലെ എല്ലാ പ്രധാനപ്പെട്ട പരിപാടികളുടെ വേദിയുമാകുമിത്.