ഇ-ബൈക്ക് സേവനം ദുബായിൽ ആരംഭിച്ചതുമുതൽ 73.5 ലക്ഷം യാത്രകൾ പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. സേവനമാരംഭിച്ചതിനു ശേഷം ഇ-ബൈക്കുകൾ 2.84 കോടി കിലോമീറ്റർ സഞ്ചരിച്ചതായും ആർ.ടി.എ. അധികൃതർ വെളിപ്പെടുത്തി.മൾട്ടി സർവീസ് ആപ്പായ കരീമുമായിച്ചേർന്ന് ആർ.ടി.എ. 2020-ലാണ് ദുബായ് നഗരത്തിൽ ഇ-ബൈക്ക് സേവനമാരംഭിച്ചത്. നഗരത്തിൽ സൈക്ലിങ് ട്രാക്കുകളുള്ളിടത്തെല്ലാം കരീം ബൈക്ക് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞവർഷം 23 ലക്ഷം ഉപയോക്താക്കളാണ് ഇ-ബൈക്കുകളുപയോഗിച്ചത്. നഗരത്തിൽ ഒട്ടേറെപ്പേരാണ് സ്വകാര്യവാഹനങ്ങളൊഴിവാക്കി ഇ-ബൈക്കുകളെ ആശ്രയിക്കുന്നത്.