ബഹ്റൈനിലെ സമസ്ത മേഖലകളിലും സ്വദേശിവൽക്കരണത്തിന് കൂടുതൽ ഊന്നൽ നൽകി തുടങ്ങിയതോടെ പ്രവാസികളുടെ തൊഴിൽ സാധ്യത കുറഞ്ഞു വരികയാണ്. പല മേഖലകളിലും കൂടുതൽ സ്വദേശികളെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് ചില പാർലമെന്റ് അംഗങ്ങളും സഭയിൽ ആവശ്യപ്പെടുന്നത് ഭാവിയിലെ പ്രവാസി തൊഴിലവസരങ്ങൾക്കുള്ള തിരിച്ചടിയാണ് സൂചിപ്പിക്കുന്നത്. രാജ്യത്തേക്ക് നിരവധി പ്രവാസി ഉദ്യോഗാർഥികൾ സന്ദർശക വീസയെടുത്ത് തൊഴിൽ അന്വേഷിച്ച് എത്തുന്നുണ്ടെങ്കിലും ഭൂരിഭാഗം പേർക്കും തൊഴിൽ നേടാൻ ആകുന്നില്ല. നിരവധിപേർ സ്വകാര്യ കമ്പനികളിൽ ജോലി അന്വേഷിച്ച് കയറിയിറങ്ങുകയാണ്. സന്ദർശക വീസയിൽ എത്തിയവർക്ക് നാട്ടിലേക്ക് മടങ്ങാതെ തൊഴിൽ വീസയിലേക്ക് മാറാനുള്ള അവസരം ഇപ്പോൾ ഇല്ലാത്തതും കമ്പനികളിൽ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിന് വിഘാതമാകുന്നുണ്ട്. എങ്കിലും സന്ദർശക വീസയെടുത്ത് പല ഉദ്യോഗാർഥികളും ജോലി അന്വേഷണം തുടർന്ന് വരികയാണ്.