നവംബർ 1മുതൽ ഷാർജയിൽ പെയ്ഡ് പാർക്കിങ്ങിന്റെ പുതിയ സമയക്രമം നിലവിൽ വരും. എമിറേറ്റിൽ ചിലയിടങ്ങളിൽ പെയ്ഡ് പാർക്കിങ് സമയം രാത്രി 12 വരെ നീട്ടി. അവധി ദിനങ്ങളിൽ ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും പാർക്കിങ് ഫീസ് ഈടാക്കുന്ന സോണുകളിലാണ് ഫീസ് നൽകേണ്ട സമയം അർധരാത്രി വരെ നീട്ടിയത്. നേരത്തേ രാവിലെ 8 മുതൽ രാത്രി 10 വരെയായിരുന്നു പാർക്കിങ് ഫീസ് ബാധകമായിരുന്നത്. തിരക്കേറിയ ഈ മേഖലകളിൽ പാർക്കിങ് കൂടുതൽ സുഗമമാക്കാനാണ് ഫീസ് നൽകേണ്ട സമയം 16 മണിക്കൂറായി നീട്ടിതെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി വ്യക്തമാക്കി. അവധി ദിനങ്ങളിൽ ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും പാർക്കിങ് ഫീസ് നൽകേണ്ട ഇടങ്ങളിൽ നീല നിറത്തിലുള്ള സൂചന ബോർഡുകൾ സ്ഥാപിച്ചു. അതേസമയം, പ്രതിദിന പാർക്കിങ് ഫീസ് കൂടാതെ എല്ലാദിവസവും പാർക്കിങ് ആവശ്യമുള്ളവർക്ക് പെയ്ഡ് പാർക്കിങ് തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുകളും ഷാർജ മുനിസിപ്പാലിറ്റി അടുത്തിടെ പുറത്തിറക്കി. വ്യക്തികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും വിവിധ പ്ലാനുകൾ തെരഞ്ഞെടുക്കാം.