കുവൈത്തിൽ പ്രവാസികൾക്ക് ബയോമെട്രിക് നടപടികൾക്കുള്ള സമയപരിധി അവസാനിക്കാൻ രണ്ടുമാസം കൂടി. ഡിസംബർ 31 വരെയാണ് പ്രവാസികൾക്ക് വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയം അനുവദിച്ചിരുന്നത്. രണ്ടുമാസം സമയമുണ്ടെങ്കിലും ബയോമെട്രിക് വേഗത്തിൽ പൂർത്തിയാക്കാൻ ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. ബയോമെട്രിക് രജിസ്ട്രേഷനായി പ്രവാസികൾക്ക് ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്മെൻറ് കേന്ദ്രങ്ങളിൽ സേവനം ലഭ്യമാണ്. ഇവിടെ എത്തുന്നതിന് മുമ്പ് മെറ്റാ പ്ലാറ്റ്ഫോം, സഹേൽ ആപ്പ് എന്നിവടങ്ങളിലൂടെ അപ്പോയിൻറ്മെൻറ് കരസ്ഥമാക്കണമെന്ന് മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്താമാക്കി. നേരത്തെ കുവൈത്ത് സ്വദേശികളുടെ ബയോമെട്രിക് രജിസ്ട്രേഷൻ കഴിഞ്ഞ മാസം അവസാനിച്ചു. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാത്ത സ്വദേശികളുടെ എല്ലാ സർക്കാർ-ബാങ്ക് ഇടപാടുകൾ ഘട്ടംഘട്ടമായി നിർത്തിവയ്ക്കാനുള്ള ഉത്തരവ് നൽകിയിട്ടുണ്ട്. ബയോമെട്രിക് പൂർത്തിയാക്കാത്ത പ്രവാസികൾക്കും സമാനമായ നടപടികൾ സ്വീകരിക്കേണ്ടിവരും. നിരവധി പ്രവാസികൾ ഇനിയും ബയോമെട്രിക് പൂർത്തിയാക്കാനുണ്ട്.