രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് കർശന മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം. കാരണിമില്ലാതെ വൈകിയെത്തിയാൽ ജീവനക്കാരന്റെ ശമ്പളം കുറക്കുന്നതടക്കമുള്ള പിഴ ചുമത്താൻ സ്വകാര്യ കമ്പനികൾക്ക് മന്ത്രാലയം അനുമതി നൽകി. അലസത, ജോലിക്കെത്താതിരിക്കൽ, തൊഴിൽ സ്ഥലത്തെ പെരുമാറ്റം തുടങ്ങിയവക്കും പിഴ ഈടാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. 25ൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിലാണ് ഈ നിയമം ബാധകമാകുക. 15 മിനുറ്റ് വരെ താമസിച്ചെത്തിയാൽ ആദ്യ തവണ രേഖാമൂലമുള്ള മുന്നറിയിപ്പ് നൽകും. മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ ദിവസ വേതനത്തിന്റെ അഞ്ചു മുതൽ 15 ശതമാനം വരെ പിടിക്കാം. 30 മിനിറ്റ് വരെ വൈകിയാൽ, വൈകൽ കാരണം തൊഴിലിൽ ചെറിയ തടസ്സമാണെങ്കിൽ 25 ശതമാനം വരെ വേതനം പിഴയായി പിടിക്കാം. കൂടാതെ ജോലി സമയത്ത് മദ്യം അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗിച്ചാൽ നഷ്ടപരിഹാരം കൂടാതെ ഉടനടി പിരിച്ചുവിടാനും അനുമതിയുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.