ബഹ്റൈനിൽ പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസിന് മിനിമം വേതനം വേണമെന്ന നിർദേശം സർക്കാർ തള്ളി. 500 ദീനാർ മാസവരുമാനമുള്ളവർക്കേ ഡ്രൈവിങ് ലൈസൻസ് നൽകാവൂ എന്നതായിരുന്നു എം.പി മാരിൽ ചിലർ നിർദേശം നൽകിയത്. ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിൽ വാഹനങ്ങളുടെ എണ്ണം കുറക്കാൻ ഉദ്ദേശിച്ചായിരുനു നിർദേശം. എന്നാൽ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് നിലവിലെ റെസിഡൻസി പരിശോധനകളും നടപടികളും ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി മുഖേന നടക്കുന്നത് വ്യക്തമാക്കിയാണ് പുതിയ നിർദേശം സർക്കാർ തള്ളിയത്. ബഹ്റൈനിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ആയിരക്കണക്കിന് പ്രവാസികൾക്ക് ഈ തീരുമാനം ആശ്വാസമാണ്. ബഹ്റൈനികളല്ലാത്തവർക്ക് ലൈസൻസ് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ സർക്കാർ അവലോകനം ചെയ്തു. ട്രാഫിക് നിയമത്തിന്റെ നിലവിലുള്ള എക്സിക്യൂട്ടിവ് ചട്ടങ്ങൾ പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് സംബന്ധിച്ചുള്ള വ്യവസ്ഥകൾ ഉൾപ്പെടുന്നതാണ്. അപേക്ഷകൾ പ്രോസസ് ചെയ്യുന്നതിന് മുമ്പ് റെസിഡൻസി ആവശ്യകതകൾ ഇതിനകംഇൻഫർമേഷൻ & ഇ-ഗവൺമെന്റ് അതോറിറ്റി പരിശോധിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.