സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് കഴിഞ്ഞയാഴ്ച 22,993 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം. മൂന്ന് മുതൽ ഒമ്പത് വരെയുള്ള കാലയളവിൽ സുരക്ഷാസേനയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് അറസ്റ്റുകൾ നടന്നത്. 14,269 താമസ നിയമം ലംഘിച്ചവരും 5,230 അതിർത്തി സുരക്ഷാ ലംഘകരും 3,494 തൊഴിൽ നിയമ ലംഘകരുമാണ് പിടിയിലായത്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരുടെ എണ്ണം ആകെ 1,378 ആണ്. നിയമലംഘകർക്ക് സഹായം നൽകുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഗതാഗതത്തിന് ഉപയോഗിച്ച വാഹനങ്ങളും അഭയം നൽകിയ കെട്ടിടങ്ങളും കണ്ടുകെട്ടും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളിൽ 999, 996 എന്നീ നമ്പറുകളിലും റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.