കുവൈത്തിൽ എല്ലാത്തരം ഡ്രൈവിങ് ലൈസൻസുകളുടെയും പ്രിന്റിങ് നിർത്തിയെന്നും ഡിജിറ്റൽ പതിപ്പിൽ മാത്രമാക്കിയെന്നുമുള്ള വാർത്തയിൽ വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം. ഡ്രൈവിങ് ലൈസൻസുകളല്ല, ഡ്രൈവിങ് പെർമിറ്റുകളാണ് ഡിജിറ്റൽ രീതിയിലേക്ക് മാറിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഡ്രൈവിങ് പെർമിറ്റുകളുടെ വിഭാഗത്തിൽ ഓൺ-ഡിമാൻഡ് ഫെയർ, ഡ്രൈവിങ് ഇൻസ്ട്രക്ടർ, പബ്ലിക് ബസ്, മൊബൈൽ ഫെയർ, വ്യക്തിഗത ഡ്രൈവിങ് ഇൻസ്ട്രക്ടർ, വാൻ എന്നിവ ഉൾപ്പെടുന്നു. ഇവയുടെ പെർമിറ്റുകൾ പേപ്പർ സിസ്റ്റത്തിൽനിന്ന് ഇലക്ട്രോണിക് പെർമിറ്റിലേക്ക് മാറ്റും. ഇതാണ് ആഭ്യന്തര മന്ത്രാലയ ആപ്ലിക്കേഷനിലെ ഡിജിറ്റൽ വാലറ്റിൽ എത്തുക. അതേസമയം, പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി ഒരു വർഷത്തിൽനിന്ന് മൂന്നു വർഷമായി ഉയർത്തിയിട്ടുണ്ട്.