ദുബായിൽ വാഹനങ്ങൾ റോഡിന് നടുവിൽ നിർത്തിയിട്ടാൽ കടുത്ത ശിക്ഷയുണ്ടാകുമെന്ന് ദുബായ് പൊലീസ്. ഫെഡറൽ ട്രാഫിക് നിയമം അനുസരിച്ച് നിയമലംഘകർക്ക് 1000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷയെന്ന് ട്രാഫിക് വിഭാഗം ഡയറക്ടർ വ്യക്തമാക്കി. എൻജിൻ തകരാർ, ഇന്ധനമില്ലായ്മ, ടയർ പൊട്ടുക തുടങ്ങിയ കാരണങ്ങളാലാണ് പലരും വാഹനം നടുറോഡിൽ നിർത്തിയിടുന്നത്. യാത്രയ്ക്കു മുൻപ് വാഹനം ഗതാഗതയോഗ്യമാണെന്ന് ഉറപ്പാക്കുക. ഓടിക്കൊണ്ടിരുന്ന വാഹനം പെട്ടന്ന് കേടായാൽ ഉടൻ പൊലീസിനെ അറിയിക്കുന്നതോടൊപ്പം മറ്റു വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ സുരക്ഷാ മുന്നറിയിപ്പ് നൽകണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. നിസ്സാര അപകടങ്ങളിൽ പെടുന്നവർ മറ്റു വാഹനങ്ങൾക്ക് പ്രയാസമുണ്ടാകാത്ത വിധം റോഡ് സൈഡിലേക്ക് മാറ്റിയിടണമെന്നും നിർദ്ദേശമുണ്ട്.