സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന ഇൻഷുറൻസ് പോളിസി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും ഇൻഷുറൻസ് അതോറിറ്റിയും പുറത്തിറക്കി. സ്വകാര്യ സ്ഥാപനങ്ങൾ പ്രതിസന്ധിയിലായി, വേതനം വിതരണം ചെയ്യാൻ സാധിക്കാതെ വരുന്ന സാഹചര്യങ്ങളിൽ ജീവനക്കാരുടെ വേതനം ഇൻഷുറൻസ് പോളിസി കവറേജ് പ്രകാരം ലഭിക്കും. ഇൻഷുറൻസ് കവറേജ് അടിസ്ഥാനമാക്കിയാകും ജീവനക്കാർക്ക് വേതനവും മറ്റു ആനുകൂല്യങ്ങളും ലഭിക്കുക. സ്വദേശത്തേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്ന വിദേശ തൊഴിലാളിയുടെ മടക്കയാത്രാ ടിക്കറ്റും ഇൻഷുറൻസ് കവറേജിൽ ഉൾപ്പെടുന്നു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രാദേശിക, രാജ്യാന്തര തലങ്ങളിൽ സൗദി തൊഴിൽ വിപണിയെ കൂടുതൽ ആകർഷിക്കാനും കാര്യക്ഷമത വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ നീക്കം.