184 യാത്രക്കാരുമായി ഇറ്റലിയിൽ നിന്ന് പറക്കാനൊരുങ്ങിയ റയാൻ എയർ വിമാനത്തിന് തീ പിടിച്ചതായി റിപ്പോർട്ട്. തെക്കൻ ഇറ്റലിയിലെ ബ്രിൻഡിസി എയർപോർട്ടിൽ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. തീ ശ്രദ്ധിയിൽപ്പെട്ട ഉടൻ സർവീസ് റദ്ദാക്കി യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. എഞ്ചിനിലുണ്ടായ പ്രശ്നം മൂലമാണ് തീപടർന്നതെന്നാണ് സൂചന. രാവിലെ 8.35ന് ടുരിനിലേക്ക് പുറപ്പെടേണ്ടതായിരുന്നു വിമാനം. യാത്രക്കാരും ക്യാബിൻ ക്രൂവും ബോയിങ് 737-800 വിമാനത്തിൻറെ ചിറകിന് അടിയിലായി തീജ്വാലകൾ കണ്ടതോടെയാണ് അടിയന്തര നടപടികളിലേക്ക് കടന്നത്. ഉടൻ തന്നെ യാത്രക്കാരെയും 6 ജീവനക്കാരെയും വിമാനത്തിന് പുറത്തെത്തിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തുകയും എയർപോർട്ട് അടച്ചിടുകയും ചെയ്തു. വിമാനത്താവളത്തിലേക്കും തിരികെയുമുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. സംഭവത്തെ തുടർന്ന് യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നതായും, മറ്റൊരു വിമാനത്തിൽ യാത്രക്കാരെ സുരക്ഷിതമായി ടുരിനിൽ എത്തിച്ചതായും എയർലൈൻസ് അധികൃതർ വ്യക്തമാക്കി.