എമിറേറ്റിലെ ടാക്സി വാഹനങ്ങൾ പൂർണമായും പരിസ്ഥിതി സൗഹൃദമാക്കി മാറ്റിയതായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി അധികൃതർ. ഗതാഗത സംവിധാനത്തിൽ സുസ്ഥിരത കൈവരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. നിലവിൽ 2,274 പരിസ്ഥിതി സൗഹൃദ വാഹനങ്ങളാണുള്ളത്. ഇതുവരെ 85 ലക്ഷത്തിലേറെ യാത്രകൾ നടത്തിയിട്ടുണ്ട്. കാർബൺ പുറന്തള്ളലും ഇന്ധന ഉപഭോഗവും കുറയ്ക്കാൻ ലക്ഷ്യമിട്ട് ഗ്യാസ്, വൈദ്യുത, ഹൈബ്രിഡ് വാഹനങ്ങളാണ് എ.ടി.എ. വിന്യസിച്ചത്. നിരന്തര പരിശ്രമത്തിലൂടെയാണ് നിശ്ചിത സമയപരിധിക്കുമുൻപായി ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞതെന്ന് എ.ടി.എ. ഡയറക്ടർ ജനറൽ ഒമർ മുഹമ്മദ് ലൂത്ത പറഞ്ഞു. ഇതിനായി ടാക്സി കമ്പനികളും നല്ലരീതിയിൽ പിന്തുണച്ചു. 2015-ലാണ് എമിറേറ്റിലെ വിപണിയിൽ പരിസ്ഥിതി സൗഹൃദ ടാക്സി വാഹനങ്ങൾ അവതരിപ്പിച്ചത്. 2022-ൽ വൈദ്യുത വാഹനങ്ങൾ ഉൾപ്പെടുത്തി ടാക്സി നിര വിപുലീകരിച്ചു. നാഷണൽ ട്രാൻസ്പോർട്ട് സ്ട്രാറ്റജിയുടെ ഭാഗമായി പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ പ്രാധാന്യം വർധിക്കുന്നുണ്ട്. പാരിസ്ഥിതിക ആഘാതം കുറയ്ക്കാനും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുമുള്ള യു.എ.ഇ. നേതൃത്വത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമാണ് പ്രവർത്തിക്കുന്നതെന്നും ലൂത്ത വിശദീകരിച്ചു.