യുഎഇയിൽ രോഗവ്യാപനം കൂടുന്ന തണുപ്പുകാലങ്ങളിൽ പ്രതിരോധ നടപടികളെടുത്ത് ആരോഗ്യസുരക്ഷ ഉറപ്പാക്കണമെന്ന് ഡോക്ടർമാർ. പകർച്ചപ്പനിക്കൊപ്പം ആസ്മ, അലർജി തുടങ്ങിയ ശ്വാസകോശരോഗങ്ങൾ കൂടാനും സാധ്യതയുണ്ട്. മൂക്കൊലിപ്പ്, ജലദോഷം, തൊണ്ടവേദന, കഫക്കെട്ട്, ചുമ തുടങ്ങി ന്യൂമോണിയ വരെ ഉണ്ടാകാം. പുകവലിക്കാർക്ക് ശ്വാസംമുട്ടൽ കൂടാനും സാധ്യതയുണ്ട്.ഇൻഫ്ലൂവൻസ, റെസ്പിറേറ്ററി സിനിഷ്യൽ വൈറസ്, ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമിനറി ഡിസീസ് തുടങ്ങിയ രോഗങ്ങളാണ് കൂടുതലായി കാണുന്നതെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി . വായും മൂക്കും മറയത്തക്കവിധം മാസ്ക്കിടുകയും കഴുത്തും ചെവിയും മൂടത്തക്കവിധം വസ്ത്രം ധരിക്കുകയും ചെയ്താൽ ഒരുപരിധിവരെ രോഗങ്ങളെ തടായാൻ സാദിക്കും .കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. ഭക്ഷണത്തിൽ പച്ചക്കറി കൂടുതലായി ഉപയോഗിച്ചാൽ പ്രതിരോധ ശേഷി വർധിക്കും. ചെറുചൂടോടെ ഭക്ഷണം കഴിക്കാൻ ശ്രെമിക്കുക . മുതിർന്നവർ ദിവസേന രണ്ടു ലീറ്ററെങ്കിലും വെള്ളം കുടിക്കുക . ആസ്മയുള്ളവരും പതിവായി മരുന്നു കഴിക്കുന്നവരും മരുന്നും ഇൻഹേലറും മുടക്കരുത്.ഫ്ലൂ/കോവിഡ് വാക്സീനുകൾ എടുത്ത് പ്രതിരോധം ഉറപ്പാക്കണമെന്നും ഡോക്ടർമാർ നിർദ്ദേശം നൽകി . ഫ്ലൂ വാക്സിൻ എടുത്തവർ 2 ആഴ്ചയ്ക്കു ശേഷമേ മറ്റു വാക്സീൻ എടുക്കാവൂ. ആദ്യം മറ്റു വാക്സീൻ എടുത്തവരാണെങ്കിൽ 2 ആഴ്ച കഴിഞ്ഞ ശേഷം ഫ്ലൂ വാക്സീൻ എടുത്താൽ മതി.
പകർച്ചപ്പനിക്കെതിരെ ദേശീയ വാക്സീൻ ക്യാംപെയ്നും ആരംഭിച്ചു. വിദ്യാർഥികൾ, അധ്യാപകർ, തൊഴിലാളികൾ, ആരോഗ്യപ്രവർത്തകർ എന്നിവർക്കാണ് മുൻഗണന. ഗർഭിണികൾ, 50 വയസ്സിനു മുകളിലുള്ളവർ, വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവർ, 5 വയസ്സിൽ താഴെയുള്ളവർ, ആരോഗ്യ പ്രവർത്തകർ, കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾ എന്നിവർക്ക് ഫ്ലൂ വാക്സീൻ സൗജന്യമായി നൽകും . മറ്റു വിഭാഗക്കാർക്ക് 50 ദിർഹം ഈടാക്കും. 6 മാസവും അതിനു മുകളിലുള്ളവർക്ക് കുത്തിവയ്പ് എടുക്കാം . സർക്കാർ, സ്വകാര്യ ക്ലിനിക്കുകളിലും ഫാർമസികളിലും മാർച്ച് വരെ വാക്സീൻ ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.