ദുബായിൽ പൊതുമാപ്പ് ആരംഭിച്ച് 2 ആഴ്ചയ്ക്കിടെ നാലായിരത്തിലേറെ പേർക്ക് ജോലി സാധ്യതയൊരുക്കി സ്വകാര്യ കമ്പനികൾ. പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവരെ അഭിമുഖം നടത്തിയാണ് ജോലി വാഗ്ദാനം ചെയ്യുന്നത്. ഇതിൽ യോഗ്യതയും തൊഴിൽ പരിചയവുമുള്ള 58 പേർ ജോലിയിൽ പ്രവേശിച്ചതായി ജിഡിആർഎഫ്എ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് ജോലി ലഭ്യമാക്കാനായേക്കും. സുരക്ഷിത സമൂഹത്തിനായി ഒരുമിച്ച് എന്ന ക്യാംപെയ്ന്റെ ഭാഗമായാണ് 2 മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചത്. നിയമലംഘകരായി കഴിയുന്ന വിദേശികൾക്ക് പൊതുമാപ്പിലൂടെ താമസം നിയമവിധേയമാക്കാനോ ശിക്ഷ കൂടാതെ രാജ്യം വിടാനോ ഉള്ള അവസരമാണിത്. രാജ്യത്ത് തുടരാൻ താൽപര്യമുള്ളവർക്ക് വിവിധ കമ്പനികളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാനും ദുബായിലെ പൊതുമാപ്പ് കേന്ദ്രത്തിൽ അവസരമുണ്ട്. വിദേശ റിക്രൂട്മെന്റിന് പകരം രാജ്യത്ത് ലഭ്യമായ തൊഴിലാളികളെ ഉപയോഗപ്പെടുത്താനാണ് കമ്പനികൾക്ക് നിർദേശം നൽകിയത്.