എയർ അറേബ്യ അബുദാബിയിൽ ഹോം ചെക്ക്-ഇൻ സേവനം ആരംഭിച്ചു. വീട്ടിലെത്തി ലഗേജ് സ്വീകരിച്ച് ബോർഡിങ് പാസ് നൽകുന്ന സേവനമാണിത്. ഈ സേവനം ആരംഭിക്കുന്നതിലൂടെ എയർപോർട്ടിലെ തിരക്കും അധിക ലഗേജ് പ്രശ്നങ്ങളും ഒഴിവാകും. എയർലൈനുവേണ്ടി മൊറാഫിക് ആണ് ഹോം ചെക്ക്-ഇൻ സേവനം വാഗ്ദാനം ചെയ്യുന്നത്. ചെക്ക്-ഇൻ കൗണ്ടറിലെ നീണ്ട കാത്തിരിപ്പും സമയവും ലാഭിക്കാം. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച യാത്രാനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ സേവനമെന്ന് എയർ അറേബ്യ സിഇഒ ആദിൽ അൽ അലി വ്യക്തമാക്കി. മൊറാഫിക്കിന്റെ ആപ്പ് വഴിയോ വൈബ്സൈറ്റ് വഴിയോ എയർഅറേബ്യയുടെ വെബ്സൈറ്റിലോ കസ്റ്റമർ സർവീസ് സെന്റർ മുഖേനയോ ഹോം ചെക്ക്-ഇൻ സേവനം ആവശ്യപ്പെടാം. തുടർന്ന് നിശ്ചിത ദിവസം വീട്ടിലെത്തി ലഗേജ് ഏറ്റുവാങ്ങി ബോർഡിങ് പാസ് നൽകും. പെട്ടികളുടെ എണ്ണം അനുസരിച്ച് 185 ദിർഹം മുതൽ 400 ദിർഹം വരെയാണ് സേവന നിരക്ക് ഏർപ്പെടുത്തിരിക്കുന്നത്.