തൊഴിലിടങ്ങളിൽ പണിമുടക്കിയതായി പരാതി നിലനിൽക്കുന്ന തൊഴിലാളികൾക്കും പൊതുമാപ്പിൽ രേഖകൾ നിയമാനുസൃതമാക്കാമെന്ന് സ്വദേശിവൽക്കരണ മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മാത്രമല്ല ഗാർഹിക വീസയിലുള്ളവർക്കെതിരെയുള്ള പരാതിയും പൊതുമാപ്പ് കാലത്ത് പരിഹരിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി. വീസ കാലാവധി തീരുകയും മന്ത്രാലയം നൽകിയ വർക്ക് പെർമിറ്റ് റദ്ദാക്കാതെയും കഴിയുന്ന എല്ലാവർക്കും താമസ, തൊഴിൽ രേഖകൾ കുറ്റമറ്റതാക്കാനുള്ള അവസരമാണ് പൊതുമാപ്പെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. കൂടാതെ ജോലിയിൽ ഹാജരാകുന്നില്ലെന്ന പരാതി നിലനിൽക്കുന്ന തൊഴിലാളികൾക്കും ഈ അവസരത്തിൽ അവർക്കെതിരായ പരാതി പരിഹരിക്കാൻ സാധിക്കും. ഇത് കൂടാതെ പുതിയതും പുതുക്കിയതുമായ വർക്ക് പെർമിറ്റ് നൽകുക, വർക്ക് പെർമിറ്റ് റദ്ദാക്കുക, തൊഴിലുടമകൾ നൽകിയ പരാതികളുടെ നിജസ്ഥിതി പരിശോധിച്ച് പരിഹാരം നിർദേശിക്കുക തുടങ്ങിയ സേവനങ്ങളെല്ലാം പൊതുമാപ്പിനോട് അനുബന്ധിച്ചു നൽകുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.