സൗദിയിൽ പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന് തുടക്കമായി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സീസണൽ ഇൻഫ്ലുവൻസ വാക്സിൻ ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വാക്സിഷേൻ ആരംഭിച്ചിട്ടുണ്ട്. സാമൂഹിക പ്രതിരോധം വർധിപ്പിക്കുന്നതിനുള്ള ആരോഗ്യ പ്രവർത്തനങ്ങളുടെ ഭാഗമാണിത്. കഠിനമായ അസുഖത്തിൽ നിന്നുള്ള സങ്കീർണതകൾ, അത് മൂലം മരണമുണ്ടാകാനുള്ള സാധ്യത എന്നിവ കുറയ്ക്കുന്നതിന് വാക്നിനേഷൻ വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. വാക്സിനേഷന് ‘മൈ ഹെൽത്ത്’ എന്ന ആപ്പ് വഴി ബുക്ക് ചെയ്യാം. രാജ്യത്തെ സ്വദേശികളും വിദേശികളുമായ എല്ലാവർക്കും ഇത് ലഭ്യമാണ്. വൈറസ് നിരന്തരം മാറിക്കൊണ്ടിരിക്കുന്നതിനാൽ വാക്സിൻ ഡോസ് വർഷം തോറും എടുക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.