ഖത്തറിൽ എട്ട് തൊഴിൽ റിക്രൂട്ട്മെന്റ് ഓഫീസുകൾക്കെതിരെ നടപടി സ്വീകരിച്ചതായി തൊഴിൽ മന്ത്രാലയം. പ്രവർത്തനങ്ങളിൽ വീഴ്ചവരുത്തിയ എട്ട് ഓഫീസുകൾ അടച്ചുപൂട്ടിയതായി ഖത്തർ തൊഴിൽ മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെയാണ് വ്യക്തമാക്കിയത്. മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിക്കുന്നതിലും പൗരന്മാരുടെ പരാതികൾ പരിഹരിക്കുന്നതിലും പരാജയപ്പെട്ടതിനാലാണ് എട്ട് റിക്രൂട്ട്മെന്റ് ഓഫീസുകൾക്കെതിരെ ഖത്തർ തൊഴിൽ മന്ത്രാലയം നടപടി സ്വീകരിച്ചത്. രാജ്യത്തെ റിക്രൂട്ട്മെന്റ് ഓഫീസുകൾ നിരീക്ഷിക്കുന്നതിനുള്ള ശ്രമം തുടരുന്നതിന്റെ ഭാഗമായാണ് അടച്ചുപൂട്ടൽ നടപടികൾ സ്വീകരിച്ചതെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് തൊഴിലുടമകൾക്ക് തൊഴിൽ മന്ത്രാലയത്തിന്റെ ഹോട് ലൈൻ നമ്പർ വഴി പരാതി നൽകാമെന്ന് അധികൃതർ സൂചിപ്പിച്ചു.