സൗദി അറേബ്യ തനിക്ക് വിലക്കേർപ്പെടുത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ‘ആടുജീവിതം’ സിനിമയിൽ വില്ലൻവേഷംചെയ്ത ഒമാനി നടൻ താലിബ് അൽ ബലൂഷി. സൗദി അറേബ്യ പശ്ചാത്തലമാക്കി ഒരുക്കിയ ‘ആടുജീവിതം’ എന്ന ബ്ലെസി ചിത്രത്തിൽ ക്രൂരനായ അർബാബിന്റെ കഥാപാത്രം അവതരിപ്പിച്ചത് താലിബ് ആണ്. ഈ വേഷം കണക്കിലെടുത്ത് സൗദിയിൽ താലിബിന് വിലക്ക് ഏർപ്പെടുത്തിയെന്നാണ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. എന്നാൽ, ഇത് അഭ്യൂഹം മാത്രമാണെന്ന് താലിബ് വ്യക്തമാക്കി. സൗദിയിൽ പ്രവേശിക്കുന്നതിൽനിന്ന് തന്നെ തടഞ്ഞുകൊണ്ട് യാതൊരു ഔദോഗിക അറിയിപ്പും സൗദി, ഒമാൻ സർക്കാരുകളുടെ ഭാഗത്തുനിന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ആടുജീവിതത്തിന്റെ സംസ്ഥാനപുരസ്കാര ആഘോഷങ്ങളിൽ പങ്കെടുക്കാനായി ഇപ്പോൾ കേരളത്തിലാണ് താലിബ് അൽ ബലൂഷിയുള്ളത്.