സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ നിയന്ത്രിക്കുന്നതിന് പുതിയ നിയമവുമായി സൗദി അറേബ്യയിലെ ജനറൽ അതോറിറ്റി ഫോർ മീഡിയ റഗുലേഷൻ. സമൂഹ മാധ്യമത്തിൽ പരസ്യം ചെയ്യുന്ന എല്ലാവരും നാല് നിബന്ധനകൾ പാലിക്കണമെന്നും ഒരു “ട്രസ്റ്റഡ് ലൈസൻസ്” നേടണമെന്നും നിയമം നിർദ്ദേശിക്കുന്നു. പരസ്യങ്ങളുടെ സത്യസന്ധത, ഇൻഫ്ലുവൻസർമാരുടെ വിശ്വാസ്യത, സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങളെ നിയന്ത്രിക്കുകയും ഉപഭോക്താക്കളെ തെറ്റായ വിവരങ്ങളിൽ നിന്ന് സംരക്ഷിക്കുകയുമാണ് ഈ ലൈസൻസ് ലക്ഷ്യമിടുന്നത്. ഇത് മൂലം, ഇൻഫ്ലുവൻസർമാർക്ക് തങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കാനും ഉപഭോക്താക്കളുടെ വിശ്വാസം നേടാനും കഴിയും. ഉത്പന്നങ്ങളുടെ ഗുണനിലവാര കാര്യങ്ങളിൽ ഉറപ്പുനൽകുന്നതിനാണ് പുതിയ നിയമം എന്നും ജനറൽ അതോറിറ്റി ഫോർ മീഡിയ റഗുലേഷൻ വ്യക്തമാക്കി. ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ പുറപ്പെടുവിച്ച പുതിയ നിയമപ്രകാരം,ട്രസ്റ്റഡ് ലൈസൻസ് ലഭിക്കുന്നതിന് അപേക്ഷകൻ 18 വയസ്സോ അതിന് മുകളിലോ പ്രായമുള്ളയാളായിരിക്കണം. അതുപോലെ, അയാൾ സത്യസന്ധതയില്ലായ്മയോ വിശ്വാസലംഘനമോ ഉൾപ്പെട്ട കുറ്റകൃത്യത്തിന് ശിക്ഷ നേരിട്ട വ്യക്തിയാകാൻ പാടില്ല. കൂടാതെ, അപേക്ഷകന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ മീഡിയ ഉള്ളടക്ക നിയന്ത്രണങ്ങൾ ലംഘിക്കുന്ന യാതൊരു ഉള്ളടക്കവും പ്രസിദ്ധീകരിച്ചിട്ടുണ്ടാകരുത്. ലൈസൻസിനായി അപേക്ഷിക്കുന്നവർ mawthooq.gamr.gov.sa എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.