മധ്യവേനൽ അവധിക്കുശേഷം തിങ്കളാഴ്ച യുഎഇയിലെ സ്കൂളുകൾ തുറക്കാനിരിക്കെ ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയിലേറെ ഉയർത്തി വിമാന കമ്പനികൾ. ഈ മാസം അവസാനംവരെ ടിക്കറ്റ് നിരക്ക് കൂടിയിരിക്കുകയാണ് വിമാന കമ്പനികൾ. കേരളത്തിൽനിന്ന് യുഎഇയിലേക്ക് തിരക്കില്ലാത്ത സമയങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസ് 6500 രൂപയ്ക്ക് നൽകിയിരുന്ന വൺവേ ടിക്കറ്റ് ഇപ്പോൾ 40,000 രൂപയ്ക്ക് മുകളിലാണ്. 4 മണിക്കൂർ ദൈർഘ്യമുള്ള നേരിട്ടുള്ള വിമാനങ്ങളിലും 11 മണിക്കൂർ എടുക്കുന്ന കണക്‌ഷൻ വിമാനങ്ങളിലും നിരക്കിൽ വലിയ വ്യത്യാസമില്ല. മറ്റു സ്വകാര്യ, വിദേശ വിമാന കമ്പനികളുടെ നിരക്കിലും വൻ വർധനയുണ്ട്. ഇതോടെ സ്കൂൾ തുറക്കുന്നതിന് മുൻപ് തിരിച്ചെത്താനാകാതെ പ്രയാസത്തിലാണ് പ്രവാസികൾ. ഓണം കഴിയുംവരെ ടിക്കറ്റ് നിരക്ക് ഉയർത്തിയത് പ്രവാസികൾക്ക് ഇരുട്ടടിയായി. മടക്കയാത്രാ ടിക്കറ്റ് എടുക്കാതെ നാട്ടിലേക്ക് പോയവരാണ് കുടുങ്ങിയത്. വിമാന നിരക്ക് കുറയുന്നതും കാത്തിരുന്നാൽ മക്കളുടെ 15 ദിവസത്തെ ക്ലാസ് നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഇവർ. ജീവിതച്ചെലവ് കൂടിയതോടെ പിടിച്ചുനിൽക്കാൻ പാടുപെടുന്ന പ്രവാസി കുടുംബങ്ങൾക്ക് ഒന്നുനാട്ടിൽ പോയിവരാൻ ഇപ്പോൾ രണ്ടോ മൂന്നോ വർഷത്തെ സമ്പാദ്യം മാറ്റിവയ്ക്കേണ്ട സ്ഥിതിയാണ്.