വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് സൗദി ട്രാഫിക് വകുപ്പിന്റെ മുന്നറിയിപ്പ്. വിദ്യാലയങ്ങൾക്ക് സമീപം ഹോൺ മുഴക്കി ശബ്ദമുണ്ടാക്കുന്നത് നിയമ ലംഘനമാണ്. 300 മുതൽ 500 റിയാൽ വരെ പിഴ ഈടാക്കുമെന്നും ട്രാഫിക് വകുപ്പ് വിശദീകരിച്ചു. ഇത് ട്രാഫിക്ക് നിയമലംഘനത്തിന് പുറമേ ഡ്രൈവിങ് മര്യാദകളുടെ ലംഘനവും മോശമായ പെരുമാറ്റവുമായി കണക്കാക്കുമെന്നും ട്രാഫിക് വകുപ്പ് വ്യക്തമാക്കി. സ്കൂളുകൾക്കും സർവകലാശാലകൾക്കും മുന്നിലുള്ള കവലകൾ നിയന്ത്രിക്കുന്നതിനു ട്രാഫിക് പട്രോളിങ് ദിവസവും പ്രവർത്തിക്കുന്നുണ്ട്. റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സുഗമമായ ഗതാഗതത്തിനും തിരക്ക് കുറയ്ക്കുന്നതിനുമാണ് ഇത്തരം നിയമങ്ങൾ എന്നും ട്രാഫിക് വകുപ്പ് കൂട്ടിച്ചേർത്തു.