ദുബായിൽ കുറഞ്ഞചെലവിൽ ലൈസൻസും വിസയും’ എന്ന ആകർഷകമായ പരസ്യവാചകത്തിലൂടെ സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ചുനടക്കുന്ന തട്ടിപ്പുകൾ വ്യാപകമാകുന്നതായി റിപ്പോർട്ട്. ഇത്തരത്തിൽ വ്യാജ പരസ്യവാചകങ്ങൾക്ക് ഒട്ടേറെപ്പേർ ഇരകളാകുന്നുണ്ടെന്നും പരാതികളുടെയെണ്ണം കൂടിവരുന്നതായും ഡോക്യുമെന്റ്‌സ് സർവീസ് രംഗത്തെ മൾട്ടി ഹാൻഡ്സ് സ്റ്റാഫ് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ദുബായിൽ കുറഞ്ഞചെലവിൽ ലൈസൻസും പാർട്ണർ വിസയും എന്നരീതിയിലാണ് സാമൂഹികമാധ്യമങ്ങളിൽ വ്യാജപരസ്യങ്ങൾ പ്രചരിക്കുന്നത്. യു.എ.ഇ.യിൽ എവിടെയും ജോലിചെയ്യാൻപറ്റുന്ന ‘ഫ്രീ ലാൻസ് വിസ’ അഥവാ പാർട്ണർ വിസയാണ് ഇത്തരത്തിൽ ഓഫർനൽകി വിൽക്കുന്നത്. യഥാർഥത്തിൽ ‘ഫ്രീ ലാൻസ് വിസ’ എന്നപേരിൽ ഒരു വിസയും യു.എ.ഇ. സർക്കാർ അനുവദിക്കുന്നില്ല. യു.എ.ഇ. നൽകുന്ന ഏതൊരുവിസയുടെ ഫീസുനിരക്കും സുതാര്യമാണെന്നിരിക്കെ അതിലും കുറഞ്ഞനിരക്കിൽ നൽകുന്ന ഏത് ഓഫറുകളുടെയും പിന്നിൽ വഞ്ചന ഒളിഞ്ഞിരിപ്പുണ്ട് എന്നും അധികൃതർ വ്യക്തമാക്കി.