വ്യാജ ജോലി വാഗ്ദാനം നൽകി യുവതിയിൽ നിന്ന് പണം തട്ടിയ നാലുപേർക്ക് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് ദുബായ് കോടതി. പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്‌ത് യുവതിയുടെ അക്കൗണ്ടിലെ മുഴുവൻ തുകയും തട്ടിപ്പ് സംഘം കൈക്കലാക്കിയിരുന്നു. യുവതി നൽകിയ പരാതിയിൽ ദുബായ് പ്രോസിക്യൂഷൻ അന്വേഷണം നടത്തി. വ്യാജ ജോലി വാഗ്ദാനം ചെയ്‌തുകൊണ്ടുള്ള പരസ്യം സംഘം വാട്‌സാപ്പ് വഴി ഷെയർ ചെയ്‌തതായി കണ്ടെത്തി. ഈ പരസ്യം കാണിച്ച് വിശ്വസിപ്പിച്ചാണ് യുവതിയിൽ നിന്നും ഇവർ പണം തട്ടിയത്. എന്നാൽ, ഈ തുക അവർക്ക് തിരികെ നൽകാനോ യുവതിക്ക് ജോലി നൽകാനോ സംഘം തയ്യാറായില്ലെന്നും അധികൃതർ വ്യക്തമാക്കി. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ യുഎഇയിൽ നിന്ന് നാടുകടത്തും. ഫോൺ വഴി ലഭിക്കുന്ന വ്യാജ മെസേജുകളോട് പ്രതികരിക്കരുതെന്ന് എമിറേറ്റ്‌സിലെ താമസക്കാർക്ക് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.