സൗദിയിൽ പുതിയ എയർ കാർഗോ കമ്പനി സ്ഥാപിക്കുന്നു. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് കീഴിലാണ് പദ്ധതി. റിയാദ് എയറിനും സൗദി എയർലൈൻസിനും പുറമെയാണ് പുതിയ കാർഗോ എയർലൈൻ എത്തുന്നത്. സൗദിയെ ആഗോള ലോജിസ്റ്റിക് കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇതിന്റെ ഭാഗമായി ബോയിങുമായി സൗദിയുടെ ചർച്ചകൾ തുടങ്ങി. എന്നാൽ ഈക്കാര്യം സൗദി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. യു.എ.ഇ, ഖത്തർ രാജ്യങ്ങളിലെ മുൻനിര ചരക്കു വിമാനങ്ങളുമായി മത്സരിക്കാനാണ് സൗദിയുടെ പദ്ധതിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടാതെ വ്യോമയാന മേഖലയിലേക്കും പ്രവേശനം സജീവമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ചർച്ചകൾ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും അന്തിമ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ഫണ്ട് ആത്യന്തികമായി പദ്ധതികൾ വൈകിപ്പിക്കാനോ റദ്ദാക്കാനോ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു .