ഖത്തറിലെത്തുന്ന സന്ദർശകർക്ക് അടിയന്തിര ചികിത്സക്കായി ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രികളിൽ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് ഉപയോഗപ്പെടുത്താം. ഖത്തറിലേക്കുള്ള സന്ദർശകരുടെ എണ്ണം വർധിച്ചതോടെ ഹമദ് മെഡിക്കൽ കോർപറേഷൻ സന്ദർശകർക്കുള്ള അടിയന്തര ചികിത്സയും സഹായവും സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടു. ആരോഗ്യ ഇൻഷുറൻസ് പോളിസി പ്രകാരം, സന്ദർശകർക്കുള്ള നിർബന്ധിത ആരോഗ്യ ഇൻഷുറൻസിലൂടെ ഒന്നര ലക്ഷം റിയാൽ വരെയുള്ള അടിയന്തിര ചികിത്സ ലഭ്യമാകും. അടിയന്തിര ചികിത്സ ആവശ്യമുള്ള കേസാണെന്ന് തിരിച്ചറിഞ്ഞാൽ മാത്രമേ ഇൻഷുറൻസ് പോളിസിക്കു കീഴിൽ പരിരക്ഷ ലഭിക്കുകയുള്ളൂ. അല്ലാത്ത പക്ഷം, സന്ദർശകരായ രോഗികൾ ചികിത്സക്കുള്ള പണം അടക്കേണ്ടി വരും. അടിയന്തിര ചികിത്സ അനിവാര്യമായ കേസിൽ ചികിത്സാ ചിലവ് ഒന്നര ലക്ഷം റിയാലിനും മുകളിൽ ആയാൽ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ട് അധിക തുക പോളിസി കവറേജിന് അനുസരിച്ച് ഈടാക്കും. എച്ച്.എം.സി ചട്ടപ്രകാരം സ്വദേശികൾ, താമസക്കാർ, ജി.സി.സി പൗരന്മാരായ സന്ദർശകർ എന്നിവർക്കു മാത്രമാണ് സൗജന്യ ചികിത്സയുള്ളത്.