വധശിക്ഷ കേസില്‍ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഫയലുകള്‍ ഞായറാഴ്ച പബ്ലിക് പ്രോസിക്യൂഷനിലെത്തും. ഗവര്‍ണറേറ്റിലെ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് റിയാദ് ഗവര്‍ണറേറ്റില്‍നിന്ന് കേസ് ഫയലുകള്‍ പബ്ലിക് പ്രോസിക്യൂഷനിലേക്കയച്ചത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരിയുടെ നേതൃത്വത്തില്‍ റിയാദിലുള്ള റഹീം ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളാണ് ഗവര്‍ണേറ്റില്‍ ഫയലുകള്‍ കൈമാറുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. ഫയലുകള്‍ പബ്ലിക് പ്രോസിക്യൂഷനിലെത്തിയ ശേഷമായിരിക്കും കോടതിയിലേക്ക് അയക്കുക. കോടതിയാണ് റഹീമിന്റെ മോചന ഉത്തരവ് പുറപ്പെടുവിക്കേണ്ടത്. കോടതി ഉത്തരവ് ഉണ്ടായശേഷം വീണ്ടും ഗവര്‍ണറേറ്റിലേക്കും ജയിലിലേക്കും അയക്കുന്നതോടെയാണ് റഹീമിന്റെ മോചനം യാഥാര്‍ത്ഥ്യമാവുക.