സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് കര്‍ശന നിബന്ധനകളുമായി സൗദി അറേബ്യ. നിബന്ധനകളിൽ ഏറ്റവും പ്രധാനം ഡ്രൈവര്‍ക്ക് കുറഞ്ഞത് 25 വയസ്സ് പ്രായമുണ്ടായിരിക്കണം എന്നതാണെന്നു ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി വ്യക്തമാക്കി. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നു തെളിയിക്കുന്ന വ്യക്തമായ പോലീസ് റെക്കോര്‍ഡ് ഡ്രൈവര്‍മാര്‍ക്ക് ഉണ്ടായിരിക്കണം. ഡ്രൈവര്‍മാര്‍ക്ക് സാധുവായ ഡ്രൈവിംഗ് ലൈസന്‍സ്, അംഗീകൃത പ്രഥമശുശ്രൂഷ കോഴ്സ്, ടിജിഎ മെഡിക്കല്‍ ടെസ്റ്റ്, പ്രൊഫഷണല്‍ എഫിഷ്യന്‍സി ടെസ്റ്റ് എന്നിവയും കൂടാതെ മറ്റ് പരിശീലന കോഴ്സുകളും പാസായിരിക്കണം. സൗദി അറേബ്യയില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെയാണ് സ്കൂള്‍ ബസുകളുടെ ഡ്രൈവര്‍മാര്‍ക്ക് ഏതാനും നിബന്ധനകള്‍ കര്‍ശനമാക്കിയിട്ടുള്ളത്. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുവാനാണ് ഗതാഗത അധികൃതര്‍ ഡ്രൈവര്‍മാരുടെ കാര്യത്തില്‍ നിബന്ധനകള്‍ കര്‍ക്കശമാക്കിയിട്ടുള്ളത്.