ഖലീഫ, സായിദ് തുറമുഖങ്ങളിലെ കസ്റ്റംസ് കേന്ദ്രങ്ങളിലെ പ്രവർത്തനക്ഷമത വർധിപ്പിക്കാനായി അഞ്ച് നൂതന പരിശോധനാ ഉപകരണങ്ങൾ സജ്ജീകരിച്ചു. അബുദാബി കസ്റ്റംസ് ജനറൽ അഡ്മിനിസ്‌ട്രേഷനാണ് പദ്ധതി പൂർത്തിയാക്കിയത്. നിർമിതബുദ്ധി സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന പുതിയ ഉപകരണങ്ങളുടെ സഹായത്തോടെ ചരക്കുനീക്കവും വ്യാപാരവും സുഗമമാകും. കൂടാതെ പരിശോധനയ്ക്കായുള്ള സമയവും പരിശ്രമവും ലാഭിക്കാനും നടപടിക്രമങ്ങൾ വേഗത്തിലാക്കാനും ഉപഭോക്തൃ സംതൃപ്തി ഉയർത്താനും ഉപകരണങ്ങൾ സഹായിക്കും. ഖലീഫ തുറമുഖത്തെത്തുന്ന ബാഗുകൾ, പാഴ്‌സലുകൾ, കണ്ടെയ്‌നറുകൾ, ട്രക്കുകൾ എന്നിവ സ്‌കാൻചെയ്യുന്നതിന് നാല് ഉപകരണങ്ങളും സായിദ് തുറമുഖത്തെത്തുന്ന കണ്ടെയ്നറുകൾ സ്‌കാൻചെയ്യാൻ ഒരു ഉപകരണവുമാണ് പുതുതായി സജ്ജീകരിച്ചിട്ടുള്ളത്. ചരക്ക് ഗതാഗതം സുഗമമാക്കിക്കൊണ്ട് സുസ്ഥിര സാമ്പത്തികവികസനത്തെ പിന്തുണയ്ക്കുകയാണ് ലക്ഷ്യം. അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഉയർന്ന സുരക്ഷാമാനദണ്ഡങ്ങൾക്ക് അനുസൃതമായി പ്രവർത്തനക്ഷമത വർധിപ്പിക്കാനാണ് കസ്റ്റംസ് ശ്രമിക്കുന്നത് എന്ന് അബുദാബി കസ്റ്റംസിലെ ഓപ്പറേഷൻസ് വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടർ മുബാറക് മത്തർ അൽ മൻസൂരി വ്യക്തമാക്കി.