ജിദ്ദ അൽ-മനറാത്ത് ജില്ലയിലുള്ള അൽ-ബർമ മാർക്കറ്റിലെ ബ്ലോക്ക് 14-ൽ നിയമലംഘനം നടത്തി നിർമിച്ച സ്ഥപനങ്ങൾ മുനിസിപ്പാലിറ്റി അധികൃതർ പൊളിച്ചു നീക്കം ചെയ്തു. ഇത്തരത്തിലുള്ള 174 കടകളാണ് നീക്കം ചെയ്തത്. പ്രദേശത്തിന്റെ കാഴ്ചഭംഗിക്ക് ദോഷം ചെയ്യുന്നവയായിരുന്നു പൊളിച്ചു നീക്കം ചെയ്ത കടകൾ. യാതൊരു രേഖയുമില്ലാതെ അനധികൃതമായി നിർമിച്ചവയുമാണ് കടകൾ മുഴുവനും. ജിദ്ദ അടക്കമുള്ള സൗദിയുടെ വിവിധ ഭാഗങ്ങളിൽ പഴയതും നഗര സൗന്ദര്യത്തിനു ഭംഗം വരുത്തുന്നതും അനധികൃതമായി പടുത്തുയർത്തിയതുമായ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് അൽ-ബർമ മാർക്കറ്റിലെ കെട്ടിടങ്ങളും പൊളിച്ചുനീക്കിയത്. നിയമവിരുദ്ധമായ വാണിജ്യ പ്രവർത്തനങ്ങൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ജിദ്ദ മുനിസിപ്പാലിറ്റി ഇവിടുത്തെ 40 കടകൾ പൂട്ടുകയും 134 കടകൾ നീക്കം ചെയ്യുകയും ചെയ്തതായി ഉമ്മുൽ-സലാം മേയർ വ്യക്തമാക്കി. ജിദ്ദയിലെ എല്ലാഭാഗത്തും ഇതുപോലെ നിയമവിരുദ്ധവും ക്രമരഹിതവുമായ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്ന നടപടി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.