വിവിധ ഗതാഗതമാർഗങ്ങളും സ്കൂൾ, ആശുപത്രി, പാർക്കുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും നടന്നെത്താവുന്ന ദൂരത്തിൽ ലഭ്യമായ ‘15 മിനിറ്റ് സിറ്റി’ ദുബായിൽ വരുന്നു. 2021 ഒക്ടോബർ മുതൽ 2022 മാർച്ച് വരെ ദുബായിൽ എക്സ്പോ 2020 ലോകമേള നടന്ന പ്രദേശത്താണ് ‘15 മിനിറ്റ് സിറ്റി’ നിർമിക്കുന്നത്. എക്സ്പോ സിറ്റി എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് സന്ദർശകർക്കായി നിലവിൽ വിവിധ പരിപാടികളും കായികമത്സരങ്ങളും നടന്നുവരുന്നുണ്ട്. 2026-ന്റെ ആദ്യപാദത്തിൽ 15 മിനിറ്റ് സിറ്റി തുറക്കുമെന്ന് എക്സ്പോ സിറ്റി ദുബായ് അധികൃതർ അറിയിച്ചു. നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയതായും അധികൃതർ വ്യക്തമാക്കി.









