സൗദിയിലെ വിവിധ വിമാനത്താവളങ്ങളിൽ അതോറിറ്റിയുടെ നിയന്ത്രണങ്ങൾ ലംഘിച്ച് ടാക്സിസേവനം നടത്തിയ 635 പേരെ ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി അറസ്റ്റ് ചെയ്തുവെന്നു റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിൻ്റെയും ബന്ധപ്പെട്ട അധികാരികളുടെയും സഹകരണത്തോടെയാണ് അതോറിറ്റി തീവ്രമായ പരിശോധനാ കാമ്പെയ്‌നുകൾ നടപ്പാക്കി ഇത്രയും പേരെ പിടികൂടിയത്. ലൈസൻസില്ലാതെ വിമാനത്താവളങ്ങളിൽ ടാക്സി സേവനം ചെയ്യുന്നത് ഇല്ലാതാക്കുക, യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, വിമാനത്താവളങ്ങളിൽ ലഭ്യമായ ഗതാഗത സൗകര്യങ്ങൾ പ്രയോജനപെടുത്താൻ യാത്രക്കാരെ കൂടുതലായി പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പരിശോധന കാമ്പെയ്‌നുകൾ തുടരുന്നതെന്നു അതോറിറ്റി വിശദീകരിച്ചു. സൗദിയിലെ നിരവധി വിമാനത്താവളങ്ങളിൽ കള്ള ടാക്സി എന്ന പേരിൽ ചിലർ സ്വകാര്യ ടാക്സി സേവനം ചെയ്യുന്നത് നിയമവിരുദ്ധമെന്ന് അധികൃതർ പറഞ്ഞു. ഇത്തരം ടാക്സിസേവനം നൽകുന്നവർക്ക് 5000 സൗദി റിയൽ പിഴ ഈടാക്കുമെന്ന് അധികൃതർ പറഞ്ഞു. വാഹനം പിടിച്ചെടുക്കുകയും ചെയ്യുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.