അടുത്ത വർഷം മുതൽ ഇന്ത്യയിൽ നിന്നും ഹജ്ജിനെത്തുന്ന 65 വയസ് കഴിഞ്ഞവർ 18 മുതൽ 60 വയസ് വരെ പ്രായമുള്ള ഒരു സഹായിയെ കൂടെ കൂട്ടണമെന്ന 2025ലെ ഹജ്ജ് നയം ഇന്ത്യൻ ന്യൂനപക്ഷകാര്യ മന്ത്രാലയം പുറത്തിറക്കി. നേരത്തെ ഈ നിബന്ധന 70 വയസിന് മുകളിലുള്ളവർക്ക് മാത്രമായിരുന്നു. 65 വയസിന് മുകളിലുള്ളവർ ഹജ്ജിന് അപേക്ഷിച്ചാൽ ഉടനെ അവസരം ലഭിക്കും. ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമാണ് പുതിയ ഹജ്ജ് നയം വെളിപ്പെടുത്തിയത്. ആൺതുണയില്ലാതെ ഹജ്ജിനെത്തുന്ന 65 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് ഒരു സഹായി കൂടെയുണ്ടാവണം. കൂടെ വരുന്നവർ 45 നും 60 വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ആയിരിക്കണം. അതുപോലെ വളൻറിയറെ അനുവദിക്കുന്ന രീതിയിലും മാറ്റമുണ്ട്. 150 തീർഥാടകർക്ക് ഒരു വളൻറിയർ എന്ന തോതിൽ അടുത്ത ഹജ്ജ് മുതൽ അനുവദിക്കും. 2023ലെ ഹജ്ജിൽ 300 ഹാജിമാർക്ക് ഒരാളെന്ന തോതിലും ഈ വർഷത്തെ ഹജ്ജിൽ 200 പേർക്ക് ഒരാളെന്ന തോതിലുമായിരുന്നു വളൻറിയർമാരെ അനുവദിച്ചിരുന്നത്. ഇന്ത്യയിൽ നിന്നുള്ള ആകെ ഹജ്ജ് ക്വാട്ടയിൽ അടുത്ത വർഷം മുതൽ 70 ശതമാനം കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലും 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകൾക്ക് കീഴിലുമായിരിക്കും അനുവദിക്കുക. നേരത്തെ ഇത് യഥാക്രമം 80, 20 എന്ന തോതിലായിരുന്നു.