വിനോദസഞ്ചാരികൾക്ക് ദുബായ് നഗരം ചുറ്റിക്കാണാൻ പുതിയ ടൂറിസ്റ്റ് ഓൺ ആൻഡ് ഓഫ് ബസ് അടുത്തമാസം മുതൽ സർവീസ് ആരംഭിക്കും. എമിറേറ്റിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഓൺ ആൻഡ് ഓഫ് ബസ് സർവീസ് സെപ്റ്റംബർ ആദ്യവാരം ആരംഭിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് സൂചിപ്പിച്ചത്. ദുബായ് മാളിൽനിന്നാരംഭിച്ച് ദുബായ് ഫ്രെയിം, ഹെറിറ്റേജ് വില്ലേജ്, മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ, ഗോൾഡ് സൂഖ്, ദുബായ് മാൾ, ലാ മെർ ബീച്ച്, ജുമൈര പള്ളി, സിറ്റി വാക്ക് എന്നീ പ്രധാന എട്ട് കേന്ദ്രങ്ങളും ലാൻഡ്മാർക്കുകളും യാത്രക്കാർക്ക് സന്ദർശിക്കാം. രാവിലെ പത്തുമുതൽ രാത്രി 10-വരെയാണ് സർവീസ്. ദുബായ് മാളിൽനിന്ന് ഓരോ 60 മിനിറ്റിലും പുറപ്പെടും. യാത്രയ്ക്ക് രണ്ട് മണിക്കൂറാണ് ദൈർഘ്യം. 35 ദിർഹത്തിന്റെ ടിക്കറ്റെടുത്താൽ ദിവസത്തിൽ ഏത് സമയവും സഞ്ചരിക്കാം. മെട്രോ, മറൈൻ ഗതാഗതം, പൊതുബസുകൾ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളുമായി ബന്ധിപ്പിച്ചാണ് ദുബായ് ഓൺ ആൻഡ് ഓഫ് ബസ് സർവീസ് നടത്തുകയെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി വ്യക്തമാക്കി. നഗരം എളുപ്പത്തിൽ ആസ്വദിക്കാൻ താമസക്കാർക്കും സന്ദർശകർക്കും അവസരമൊരുക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.