വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഭയാനകമായ ഉരുൾപൊട്ടൽ ദുരന്തത്തിൽ സൗദി അറേബ്യ അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും ഇന്ത്യൻ സർക്കാരിനും ജനതക്കും അനുശോചനം അറിയിക്കുന്നതായും സർവസ്വവും നഷ്ടപ്പെട്ട ജനങ്ങൾക്കുമൊപ്പമാണ് തങ്ങളെന്നും ഇന്ത്യയിലെ സൗദി എംബസി എക്സിൽ പോസ്റ്റ് ചെയ്ത അനുശോചന സന്ദേശത്തിൽ പറയുന്നു. കേരളത്തിൽ മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നിരവധി ആളുകളുടെ മരണത്തിനും ഗുരുതര പരിക്കിനും കാരണമായ ദാരുണമായ സംഭവത്തിൽ ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നതായും സന്ദേശത്തിൽ വ്യക്തമാക്കി. നേരത്തെ യുഎഇയും ഒമാനും ഉൾപ്പെടെയുള്ള രാജ്യങ്ങളും ദുരന്തത്തിൽ അനുശോചനം അറിയിച്ചിരുന്നു.