പ്രവാസികൾക്ക് കൂടുതൽ വിസാ ഇളവുകളുമായി കുവൈത്ത്. കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതയിൽ കുവൈത്ത് ഇളവ് പ്രഖ്യാപിച്ചു. അതേസമയം, 800 ദിനാർ എങ്കിലും ശമ്പളം വേണമെന്ന വ്യവസ്ഥയിൽ മാറ്റമുണ്ടാകില്ല. ഭാര്യ, ഭർത്താവ്, മക്കൾ എന്നിങ്ങനെ ഏറ്റവും അടുത്ത ബന്ധമുള്ള കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യുന്നതിന് പ്രവാസിക്ക് ചുരുങ്ങിയത് ഡിഗ്രി വിദ്യാഭ്യാസ യോഗ്യത വേണമെന്നായിരുന്നു കുവൈത്തിലെ വ്യവസ്ഥ. ഇതിൽ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വ്യവസ്ഥയാണ് കുവൈത്ത് എടുത്തുകളഞ്ഞത്. അതേസമയം, 800 ദിനാർ ശമ്പളം വേണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും ചില ഘട്ടങ്ങളിൽ ഈ വ്യവസ്ഥയിൽ ഇളവനുവദിക്കുന്നുണ്ട്. കാരണങ്ങൾ വ്യക്തമാക്കി രേഖാമൂലമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രതിരോധ ആഭ്യന്തര മന്ത്രാലയങ്ങളുടെ ചുമതല വഹിക്കുന്ന ഒന്നാം ഉപപ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് അൽ സബായുടേതാണ് തീരുമാനം. ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ പുതിയ തീരുമാനം നിലവിൽ വരും. പുതിയ വ്യവസ്ഥകളോടെ താമസ വിസ അനുവദിക്കുന്നതിനുള്ള അപേക്ഷകളും സ്വീകരിച്ചുതുടങ്ങി.